സൂറത്തുല്‍ ബഖറ ആയത്ത് 163

ഖുർആൻ എന്ന പ്രകാശം ഹൃദയത്തിൽ നിറച്ചു കൊണ്ട് ആകാശഭൂമികളുടെ പ്രകാശമായ അല്ലാഹുവിലേക് നമ്മൾ നടുത്തുന്ന യാത്രയാണ് ജീവിതം. അതിന്റെ അടിത്തറ ലാ ഇലാഹ ഇല്ലല്ലാഹ് ആണ്.

ആകാശഭൂമികളെ മുൻമാതൃക ഇല്ലാതെ സൃഷ്ടിച്ചവൻ, രണ്ടും, മൂന്നും, നാലും ചിറകുകളുള്ള മലക്കുകളെ സൃഷ്ടിച്ചവൻ, ഓരോ വസ്തുവിനെ സൃഷ്ടിക്കുകയും അതിനു അതിന്റെതായ പ്രകൃതം നൽകുകയും ചെയ്തവൻ, നന്മ ചെയ്യുന്നവർക്ക് സ്വർഗവും, തിന്മ ചെയ്യുകയും അതിൽ ഖേദിച്ചു തൗബ ചെയ്തു മടങ്ങാത്തവർക് നരകവും സൃഷ്ടിച്ചവൻ, ഭൂമിയെ വാസയോഗ്യമാക്കിതന്നവൻ, രാത്രിയെ പകലിലേക്കും പകലിനെ രാത്രിയിലേക്കും പ്രവേശിപ്പിക്കുന്നവൻ. സുബ്ഹാനല്ലാഹ്!

ആകാശത്തു നിന്ന് മഴ വർഷിപ്പിക്കുകയും അത് മുഖേന വ്യത്യസ്ഥ തരത്തിലുള്ള ഫലവർഗങ്ങൾ ഉൽപാദിപ്പിക്കുകയും ചെയ്യുന്നവൻ, പ്രയാസപ്പെടുന്നവൻ വിളിച്ചു പ്രാർത്ഥിച്ചാൽ ആ വിളിക്കു ഉത്തരം നൽകുന്നവൻ, നമ്മൾ സംസാരിക്കുന്നതിനു മുന്നേ നമ്മുടെ സംസാരം കേൾക്കുന്നവൻ, ഒരു നന്മ ചെയ്യണം എന്ന ആഗ്രഹം ഹൃദയത്തിൽ തോന്നിയാൽ അത് ചെയ്തില്ലെങ്കിലും പ്രതിഫലം നൽകുന്നവൻ, തിന്മകൾ ചെയ്തു പോയാൽ ഹൃദയത്തിൽ നിന്ന് വരുന്ന കുറ്റബോധം കാരണം കണ്ണുകൾ നിറഞ്ഞാല്‍ ആ തിന്മ പൊറുത്തു തരുന്ന ചെയ്യുന്ന കാരുണ്യവാൻ.

അവനെ ആരാധിക്കാത്തവർക്ക് പോലും ഉപജീവനം നൽകുന്നവൻ, അവനെ നിഷേധിക്കുകയും തിന്മയിൽ മുഴുകുകയും ചെയ്തവനും റൂഹ് തൊണ്ട കുഴിയിൽ എത്തുന്നത് വരെ തൗബയുടെ വാതിൽ തുറന്നിട്ട്‌ നൽകുന്ന കാരുണ്യവാനിൽ കാരുണ്യവാൻ.

മറ്റു മതത്തിലെ ദൈവ സങ്കല്പങ്ങളെ പോലെ ജനിക്കുകയോ, ജന്മം നൽകുകയോ, ഇണയെ സ്വീകരിക്കുകയോ ചെയ്യാത്ത യഥാർത്ഥ ദൈവം. ഉറക്കമോ, മയക്കമോ ബാധിക്കാത്ത എന്നെന്നും ജീവിച്ചിരിക്കുന്ന റബ്ബ്. എല്ലാ ഗുണങ്ങളും ഒത്തിണങ്ങിയ ആരാധനക്കാർഹാനായ ദൈവം അള്ളാഹു മാത്രമാണ്.

ഇസ്സത് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഇന്നത്തെ മുസ്ലിം ഉമ്മത്തിന് ഇസ്സത് തിരികെ ലഭിക്കാൻ ലാ ഇലാഹ ഇല്ലല്ലാഹ് എന്ന കലിമത്തുതൗഹീദിൽ നമുക്കൊന്നിച്ചു മുറുകെ പിടിക്കാം.

നമ്മുടെ ഹൃദയങ്ങളിൽ റബ്ബ് ഇട്ടു തന്ന പ്രകാശത്തെ അത് ലഭിക്കാത്ത ഹൃദയങ്ങളിലേക്ക് എത്തിച്ചു നൽകാം. അങ്ങനെ പ്രകാശിക്കുന്ന ഹൃദയങ്ങളുമായി പ്രകാശങ്ങളുടെ പ്രകാശമായ അല്ലാഹുവിനെ കണ്ടുമുട്ടാം. ഇൻ ഷാ അല്ലാഹ്