സൂറത്തുല്‍ ബഖറ ആയത്ത് 185
ഖുർആൻ എന്ന ഹുദ
“റമളാൻ” എന്ന പദം ഒരേയൊരു തവണ ഖുർആനിൽ വന്ന ആയത്താണ് സൂറ ബകറയിലെ185ാമത്തെ ഈ ആയത്ത്.
റമളാൻ മാസത്തെ അല്ലാഹു ചേർത്തിരിക്കുന്നത് അല്ലാഹുവിൻ്റെ കലാമായ ഖുർആൻ ഇറക്കപ്പെട്ട പ്രത്യേക മാസമായിട്ടാണ്. ആ ഖുർആൻ ആകട്ടെ അത് ജനങ്ങൾക്കുള്ള ഹുദയാണ് (മാർഗദർശനo). സ്രഷ്ടാവിന് മാത്രമേ സൃഷ്ടികൾക്ക് വേണ്ട വ്യക്തമായ തെളിവുകളിലേക്കും സത്യാസത്യ വിവേചനത്തിലേക്കും മർഗദർശനം നൽകാൻ സാധിക്കുകയുള്ളൂ. ഖുർആനിലൂടെ ആ മാർഗദർശനം അല്ലാഹു ജനങ്ങൾക്ക് നൽകിയിരിക്കുന്നു. الحمد الله. ലോകാവസാനം വരെയുള്ള ജനങ്ങൾക്കായി അത് സംരക്ഷിക്കപ്പെടുകയും ചെയ്യും. الله أكبر.
എന്നാൽ ഇത്ര മഹത്തായ ഖുർആൻ എന്ന മുഅജിസത്ത് നമ്മുടെ ഒരോ ആളുകളുടേയും കൈകളിൽ സുലഭമായി ഉണ്ടായിട്ടും നമ്മുക്കതിലെ “ഹുദ” കിട്ടിയോ? ഓരോ മനുഷ്യനും ആ ഹുദ കിട്ടിയിട്ടുണ്ടെങ്കിൽ നമ്മുടെ ഭൂമി ഇങ്ങനെ ആവുമായിരുന്നില്ല, അത് സ്വർഗ്ഗതുല്യമായിരിക്കും. അല്ലാഹു ജനങ്ങളെയാകെയാണ് ഇവിടെ വിശേഷിപ്പിക്കുന്നത്. കാരണം എല്ലാവരും അവൻ്റെ സൃഷ്ടികളാണ്. സ്രഷ്ടാവിനെ തിരിച്ചറിയാനുള്ള മനുഷ്യൻ്റെ ന്യായമായ അവകാശത്തെ അല്ലാഹു ഇവിടെ പൂർത്തീകരിക്കുന്നു.
ഇനി മുസ്ലിമായി ജനിക്കാൻ ഭാഗ്യം കിട്ടിയ നമ്മൾ ഓരോരുത്തരും ആ ഹുദയെ എത്ര മാത്രം പിൻപറ്റി? നബി(ﷺ)യും സ്വഹാബത്തും മനസ്സിലാക്കിയ, ഉൾകൊണ്ട് ജീവിതമാക്കിയ ഈ ദൈവികഗ്രന്ഥം അർത്ഥം ഗ്രഹിക്കാത്ത, ഉറ്റാലോചിക്കാതെയുള്ള കേവല പാരായണത്തിലൂടെ നമ്മുക്ക് ലഭിക്കുമോ? ഖുർആനിൽ നിന്നുള്ള മുത്തും പവിഴവും നമ്മുക്ക് ലഭിക്കണമെങ്കിൽ അതിൻ്റെ ആഴങ്ങളിലേക്ക് നാം ഇറങ്ങിചെന്നു കൊണ്ടിരിക്കണം. നമ്മുക്ക് ലഭിച്ച ഇൽമ് കൊണ്ട് ഇഹ്ലാസോടെ നിരന്തരം അല്ലാഹുവിനെ അറിയാൻ ശ്രമിക്കുമ്പോൾ, അതിനായി നിരന്തരം ദുആ ചെയ്യുമ്പോൾ ആ ഗാംഭീര്യം നമ്മെ അത്ഭുതപ്പെടുത്തുകയും അവൻ്റെ തൃപ്തി നേടാനുള്ള പരിശ്രമം മരണം വരെയും തുടരാനുള്ള പ്രചോദനം ലഭിക്കുകയും ചെയ്യുന്നു.
ഈ ഒരായത്തിൽ 3 തവണയാണ് അല്ലാഹു ഹുദയെ പറ്റി പറയുന്നത്. ഈ ഹുദ നൽകിയ അല്ലാഹുവിന് നന്ദി കാണിച്ചുകൊണ്ട് അവൻ്റെ തൃപ്തി നേടാൻ ഈ റമളാനിൽ ഖുർആനിലൂടെ നമ്മുക്ക് സാധിക്കട്ടെ, ആമീൻ.
അതിനു വേണ്ടി നമ്മുക്ക് പ്രാർത്ഥിക്കുകയും പ്രയത്നിക്കുകയും ചെയ്യാം...
ان شاء الله