സൂറത്തുല്‍ ബഖറ ആയത്ത് 21

അല്ലാഹു നമുക്ക് നൽകിയ ഏറ്റവും വലിയ ഒരു സമ്മാനമാണ് ഖുർആൻ. അല്ലാഹുവിൻറെ അങ്ങേയറ്റത്തെ സ്നേഹത്തിൻറെ പ്രതിഫലനങ്ങളാണ് അതിലെ ഓരോ ആയത്തുകളും. അവയെല്ലാം തന്നെ നമ്മെ അല്ലാഹുവിലേക്ക് മാടി വിളിക്കുന്നവയാണ്. "എൻറെ പ്രിയപ്പെട്ട അടിമകളെ! നിങ്ങൾ ഇങ്ങോട്ട് വരൂ... നിങ്ങൾ ഇതിലെ വരൂ.. ഇവിടെയാണ് നിങ്ങൾക്കുള്ള വിജയം നിലകൊള്ളുന്നത്! നിങ്ങൾ ഇതിൽ നിന്നും ഒരല്പം പോലും തെറ്റിപ്പോകരുത്." തുടങ്ങിയ അല്ലാഹുവിൻറെ സ്നേഹത്തിൻറെ - കാരുണ്യത്തിന്റെ - ചേർത്തു പിടിക്കലിന്റെ വിളികളാണ്!

മേലെ കൊടുത്ത ഈ ആയത്തിൽ അള്ളാഹു മനുഷ്യ സമൂഹത്തെ ഒന്നടങ്കം വിളിക്കുകയാണ്. വിശ്വാസി - അവിശ്വാസി എന്ന വ്യത്യാസമില്ലാതെ അവന്റെ എല്ലാ സൃഷ്ടികളെയും ചേർത്തുകൊണ്ടാണ് വിളിക്കുന്നത്. അല്ലയോ മനുഷ്യരെ! ഇങ്ങോട്ട് വരൂ... എന്ന രൂപത്തിൽ! ഇവിടെ നിങ്ങൾക്ക് എല്ലാവർക്കുമായി ഞാൻ കരുതി വച്ച ഒരു നിധിയുണ്ട്! ഇങ്ങോട്ട് നിങ്ങൾ ഒന്ന് ചെവി കൊടുത്തു നോക്കൂ... എന്ന രൂപത്തിൽ!  അല്ലാഹു يا ايها ഉപയോഗിച്ച് നാം ആകുന്ന മനുഷ്യസൃഷ്ടിയെ മുഴുവനായും വിളിക്കുകയാണ്

സുബ്ഹാനള്ളാഹ്! ഈ പദം എവിടെയൊക്കെ ഉപയോഗിച്ചിട്ടുണ്ടോ അവിടെയൊക്കെ നാം നമ്മുടെ ശ്രദ്ധ എത്രമാത്രം കൂർപ്പിച്ച് നിൽക്കണം എന്നതിന്റെ ബാക്കിപത്രം ആയിരിക്കും പിന്നീട് അല്ലാഹു പറയുന്ന ഓരോ കാര്യവും. മനുഷ്യരാശിയെ മുഴുവനായി വിളിച്ചുകൊണ്ട് അല്ലാഹു പറയുകയാണ് നിങ്ങളെയും നിങ്ങൾക്ക് മുന്നേയുള്ളവരെയും സൃഷ്ടിച്ചവൻ ആയ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുക. എന്തുകൊണ്ടാണ് അവനെ സൂക്ഷിക്കേണ്ടത് എന്നത് പിന്നീട് വരുന്ന ആയത്തിൽ അവൻ പറയുകയാണ്. സുബഹാനള്ളാഹ്! നമ്മളെ സൃഷ്ടിച്ചു എന്ന ഒരൊറ്റ കാരണം മാത്രം പോരെ നമുക്ക് അവനിൽ മുഴുവനായും കീഴൊതുങ്ങി, എല്ലാം സമർപ്പിച്ച് ജീവിക്കാൻ?

മനുഷ്യരെ സംബന്ധിച്ചിടത്തോളം അവൻ ഉണ്ടാക്കിയ ഒരു സാധനം അത് അവന്റെ ഉടമസ്ഥതയിൽ വയ്ക്കുന്നത് അവൻറെ വലിയ ഒരു അഭിമാനമായി അന്തസായി മറ്റുള്ളവരിൽ മുന്നിൽ കാണിക്കാനുള്ള ഒരു വലിയ കാര്യമായി കൊണ്ട് നടക്കുന്ന സൃഷ്ടികളാണ്. അല്ലാഹുവിൻറെ സൃഷ്ടികൾക്ക് വല്ല കണക്കുമുണ്ടോ? നമ്മൾ ജീവിക്കുന്ന ഈ ഭൂമിയിൽ എല്ലാ സംവിധാനങ്ങളും ഉണ്ടാക്കി തന്നത് അല്ലാഹു സുബ്ഹാനഹുവതആലയാണ്. നമുക്ക് ജീവിക്കാൻ ഈ ഭൂമിയെ ഏറ്റവും മനോഹരമായ രൂപത്തിൽ വിരിപ്പാക്കി തന്നു. അതിൽ നമുക്ക് കണ്ണിന് കുളിർമയേകുന്ന കാഴ്ചകളും വസ്തുക്കളും പൂക്കളും പൂമ്പാറ്റകളും പക്ഷികളും വൃക്ഷലതാദികളും, അങ്ങനെ മനുഷ്യന്‌ ജീവിക്കാൻ എന്തൊക്കെ ആവശ്യമുണ്ടോ അതെല്ലാം - ഏറ്റവും മനോഹരമായ രൂപത്തിൽ - ആവശ്യമുള്ള അളവിൽ - ആവശ്യമുള്ള രൂപത്തിൽ - ആവശ്യമുള്ള സമയത്ത് അവൻ ഒരു കണക്കും നോക്കാതെ നൽകിക്കൊണ്ടേയിരിക്കുന്നു. സൃഷ്ടിച്ചവനു മാത്രമേ സൃഷ്ടാവാവാനും അവകാശമുള്ളൂ. അവനല്ലാതെ ഈ ഭൂമിയിൽ മറ്റെല്ലാം സൃഷ്ടിക്കപ്പെട്ടതാണ്.

അപ്പോൾ നാം ആകുന്ന മനുഷ്യൻ നമ്മുടെ ചിന്തയെ തൊട്ടുണർത്തിയേ പറ്റൂ. ഓരോ നിമിഷവും നാം ശ്വസിക്കുന്ന വായു, നാം കുടിക്കുന്ന വെള്ളം! മാത്രമല്ല കുടിക്കുന്ന വെള്ളവും വലിച്ചെടുക്കുന്ന ശ്വാസവും പോകേണ്ടത് എത്ര അളവിലാണ്, എടുക്കപ്പെടേണ്ടത് എങ്ങനെയൊക്കെയാണ്, അത് ക്രയവിക്രയം ചെയ്യപ്പെടേണ്ടത് എങ്ങനെയൊക്കെയാണ് എന്നൊക്കെ വളരെ കൃത്യമായി ഒരു നൂലിഴ പോലും തെറ്റാതെ സംവിധാനിച്ച ഒരു സംവിധാനം! മഹാത്ഭുതങ്ങൾ നമ്മുടെ കൺമുന്നിൽ നാം കാണുകയാണ്. പക്ഷേ നമ്മൾ നമ്മുടെ ചിന്തയെ എവിടെയോ കൊണ്ടുപോയി മണ്ണിട്ട് മൂടിയിരിക്കുകയാണ്. നമുക്കൊന്നും ചിന്തിക്കാൻ നേരമില്ല. ചിന്തിച്ചാൽ നിങ്ങൾക്ക് ഒരുപാട് ദൃഷ്ടാന്തങ്ങൾ നിങ്ങളുടെ കൺമുന്നിൽ കാണാം. നിങ്ങളുടെ ശരീരങ്ങളിലേക്ക് നോക്കൂ അവിടെയുണ്ട് - അങ്ങനെയൊക്കെ പറഞ്ഞു അല്ലാഹു നമ്മെ വിളിച്ചുകൊണ്ടിരിക്കുന്നു. നാം ആണെങ്കിൽ ഇതൊന്നും നമുക്കുള്ളതല്ല മറ്റാർക്കോ ഉള്ളതാണ് എന്ന രൂപത്തിലാണ് ജീവിച്ചു പോയിക്കൊണ്ടിരിക്കുന്നത്.

സൂറത്തുല്‍ ബഖറ ആയത്ത് 185