സൂറത്തുല്‍ ബഖറ ആയത്ത് 22
ഇവിടെ അല്ലാഹു പറയുകയാണ് നിങ്ങൾക്കായി നാം ഭൂമിയെ വിരിപ്പാക്കി, ആകാശത്തെ മേൽപ്പുരയും ആക്കി, എന്നിട്ട് ആകാശത്തുനിന്ന് വെള്ളം വർഷിപ്പിച്ച് തരുകയും, ആ വെള്ളം മുഖാന്തരം നിങ്ങൾക്ക് തിന്നുവാനും കുടിക്കുവാനുമുള്ള എല്ലാ വസ്തുക്കളെയും ഉല്പാദിപ്പിച്ച് തരികയും ചെയ്തു! അപ്രകാരമുള്ള നിങ്ങളുടെ റബ്ബിനെ നിങ്ങൾ ആരാധിക്കുക!
നിങ്ങൾ അറിഞ്ഞുകൊണ്ട് എനിക്ക് സമൻമാരെ ഉണ്ടാക്കുകയാണോ? ഈ ചോദ്യം നമ്മൾ ഓരോരുത്തരോടും തന്നെയാണ്! നാം ആകുന്ന മനുഷ്യസമൂഹത്തോട് ഒന്നടങ്കം ചോദിക്കുകയാണ്!
അള്ളാഹു ആകാശത്തു നിന്ന് വെള്ളം തന്നില്ലായിരുന്നെങ്കില്‍ എന്താകുമായിരുന്നു നമ്മുടെ അവസ്ഥ? വേനലില്‍ രണ്ടുമാസം വെള്ളം കുറയുന്നതിന്റെ പ്രയാസം തന്നെ നാം എത്ര മാത്രമാണ് അനുഭവിക്കുന്നത്! പിന്നീട് മഴ വരുമ്പോൾ നമ്മൾ ആ അനുഗ്രഹത്തിന്റെ വില മനസ്സിലാക്കുകയും ചെയ്യുന്നു! പക്ഷേ, മനുഷ്യൻ അല്ലാഹു പറഞ്ഞതുപോലെ കുറച്ചുകാലത്തേക്ക് മാത്രം - വളരെ ചെറിയ കാലത്തേക്ക് മാത്രമേ ചിന്തിക്കുകയുള്ളൂ! വീണ്ടും അവൻ എല്ലാം മറന്ന് പഴയതിനേക്കാൾ മോശമായ അവസ്ഥയിലേക്ക് മടങ്ങുകയും ചെയ്യും. സുബ്ഹാനല്ലാഹ്!
അല്ലാഹു ഓരോ കാര്യങ്ങളും വളരെ കൃത്യമായും വളരെ കണിശമായും ചെയ്തുകൊണ്ടിരിക്കുകയാണ്. രാത്രിയെ പകലിലേക്കും പകലിനെ രാത്രിയിലേക്കും പ്രവേശിപ്പിക്കുന്നത് നിങ്ങൾ കാണുന്നില്ലേ? അല്ലാഹു നമ്മോട് ചോദിക്കുന്നുണ്ട് അത്! അതിൽ നിങ്ങൾക്ക് ദൃഷ്ടാന്തം ഉണ്ടെന്ന് അള്ളാഹു പറയുന്നുണ്ട്. ചിന്തിക്കാറുണ്ടോ നമ്മൾ? സ്വയം വിചാരണ ചെയ്യുക!
രാത്രി പകലിൽ നിന്ന് അല്ലാഹു ഊരിയെടുക്കുകയാണ് എന്നാണ് പറഞ്ഞത്. അത് ശരിക്കും ഊരിയെടുക്കുക തന്നെയാണ് ചെയ്യുന്നത്. നിമിഷം കൊണ്ട് അതുപോലെ ആവുകയല്ല ചെയ്യുന്നത്. അത് വളരെ സാവധാനത്തിൽ നടക്കുന്ന ഒരു കാര്യമാണ്. ഇരുട്ടിൽ നിന്ന് പകലാണ് വരുന്നതെങ്കിൽ ആദ്യം വളരെ ചെറിയ പ്രകാശം വന്നു - ശേഷം വര്‍ദ്ധിച്ച് വന്ന് പിന്നീട് സാവധാനം അത് നല്ല വെളിച്ചം ആയി മാറുന്നു. അവിടെയും വെളിച്ചം പൂർണമാകുന്നില്ല. അതങ്ങനെ ഓരോ ഘട്ടം ഘട്ടമായി വളർന്ന് വളർന്ന് ഉച്ചയാവുമ്പോഴേക്കും ഏറ്റവും ജ്വലിക്കുന്ന സമയത്തിലേക്ക് എത്തുന്നു.
പിന്നീട് വീണ്ടും അത് താഴോട്ട് ഇറങ്ങാൻ തുടങ്ങുകയാണ്. അങ്ങനെ അത് പിന്നീട് രാത്രിയെ പുൽകാൻ വേണ്ടി തയ്യാറെടുപ്പ് തുടങ്ങുകയാണ്. അങ്ങനെ വളരെ സാവധാനത്തിൽ അത് രാത്രിയെപ്പോലെകുന്നു. വീണ്ടും പകലിലേക്ക്. അങ്ങനെയാണ് അല്ലാഹുവിൻറെ രാത്രിയും പകലും മാറുന്നത് തന്നെ.
നമ്മുടെ ജീവിതം ഇതുപോലെ തന്നെയാണല്ലോ! നമ്മൾ ഒരു കുഞ്ഞായി ഭൂമിയിലേക്ക് വന്നു, അതിനുശേഷം യൗവനവും കടന്നു, ജീവിതത്തിൻറെ നട്ടുച്ചയുടെ സ്ഥലത്തെത്തി പിന്നീട് വീണ്ടും നമ്മൾ ഇറങ്ങുകയാണ് ചെയ്യുന്നത്!
പകൽ ഈ രാത്രിയിലേക്ക് ചേരുന്നതുപോലെ നമ്മൾ ജീവിതത്തിൽ നിന്നും മരണത്തിലേക്ക് ഉള്ള യാത്ര തുടങ്ങുകയാണ്. ഇങ്ങനെ നമ്മൾ നോക്കുകയാണെങ്കിൽ എല്ലാ കാര്യങ്ങളും ഇങ്ങനെ തന്നെയാണ്. നമ്മുടെ ജീവിതത്തിലേക്ക് വരുന്ന പ്രശ്നങ്ങളും ഒക്കെ ഇതുപോലെ തന്നെയാണ് പോകുന്നത്. ഒറ്റയടിക്ക് സ്വിച്ചിട്ടത് പോലെ ഒന്നും ഇവിടെ നടക്കുന്നില്ല. എല്ലാം വളരെ സമയമെടുത്ത് നടക്കുന്നു
അതിനെന്താണോ വേണ്ടത്, എത്ര സമയമാണോ വേണ്ടത് - അതെടുത്ത് അങ്ങനെ മാത്രം - അത് നമ്മുടെ ജീവിതത്തിൽ നിന്ന് മാറിപ്പോകുന്നുള്ളൂ. അതൊരു ദുഃഖമായാലും അങ്ങനെ തന്നെയാണ്. അല്ലാഹു ഇതെല്ലാം തന്നിട്ട് നമ്മളോട് നിങ്ങൾ ചിന്തിക്കുന്നില്ലേ ചിന്തിക്കുന്നില്ലേ എന്ന് ചോദിച്ചു കൊണ്ടിരിക്കുന്നു.
നമ്മൾ രാവിനെയും പകലിനെയും തന്നെ വളരെ ശ്രദ്ധാപൂർവ്വം നിരീക്ഷിച്ചാൽ നമുക്ക് മനസ്സിലാകുന്നതേയുള്ളൂ. ഇതുപോലെ തന്നെയാണ് നമ്മുടെ ഓരോ കാര്യങ്ങളും നടന്നു പോകുന്നത് എന്നത്. മഴ വർഷിക്കുമ്പോൾ ഭൂമിയിലെ പച്ചപ്പുകൾ - അത് വർണ്ണശബളമായി മനുഷ്യനു കണ്ണിനിമ്പമുള്ള കാഴ്ചകൾ സമ്മാനിക്കുന്നു. ആ ഇമ്പമുള്ള കാഴ്ചകൾ കുറേക്കാലം നീണ്ടുനിൽക്കുന്നില്ല. പിന്നീട് അതും ഉണങ്ങി വാടി കരിയാൻ തുടങ്ങുകയായി. പിന്നെ ഒരു മൊട്ടയായ തരിശുഭൂമിയായി മാറുന്നു.
ഇത് നമ്മെ ഓർമിപ്പിക്കുന്നത് നമുക്ക് ഇവിടെ ശാശ്വതമായ ഒരു ജീവിതം അല്ല. നമ്മൾ വന്നത് എവിടെ നിന്നാണ് - അവിടേക്ക് നാം തിരിച്ചു മടക്കപ്പെടും. ഈ ഭൂമിയിൽ വെള്ളം ലഭിച്ചപ്പോൾ എത്ര മനോഹരമായാണ് ഈ ഭൂമി എല്ലാ സൗന്ദര്യങ്ങളും മുളപ്പിച്ചു തന്നത്!
അതുപോലെ അല്ലാഹുവിനെ സംബന്ധിച്ചടുത്തോളം വളരെ നിസ്സാരമാണ് - നാം മരിച്ചു മണ്ണായാലും വീണ്ടും അതിൽ നിന്ന് ഒരു പൂവിനെ ഒരു ചെടിയെ മുളപ്പിക്കുന്നതിനേക്കാൾ വളരെ നിസ്സാരമായി നമ്മെ പുനര്‍ജ്ജീവിപ്പിക്കാന്‍ കഴിയുമെന്നത്. ഈ ഭൂമിയിലെ ഓരോ പ്രകൃതി പ്രതിഭാസങ്ങളും, നമ്മെ നമ്മുടെ ജീവിതത്തിനെയും ജീവിതത്തിൻറെ അവസാനത്തെയും പുനർജന്മത്തെയും ഓർമിപ്പിച്ചു കൊണ്ടേയിരിക്കുകയാണ്. ഇവിടെ നാം ശ്രദ്ധയോടെ കരുതലോടെ അല്ലാഹുവിനെ സൂക്ഷിച്ചു ജീവിക്കണം. അവനാണ് നമുക്ക് ജീവിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തി തന്നവൻ.
അവനെ നന്ദിയോടെ സ്മരിക്കുക. ഓരോ അനുഗ്രഹങ്ങൾക്കും അവനോട് ഹൃദയം നിറഞ്ഞ നന്ദി കാണിക്കുകയും ചെയ്യുക! ഇത്തരത്തില്‍ നന്ദിയുള്ളവരായി മാറുമ്പോള്‍ അവനോടുള്ള നന്ദിസൂചകമായി നാം ചെയ്യുന്ന കര്‍മ്മങ്ങളും അവന്‍ അവന്റെ കാരുണ്യത്താല്‍, നമുക്കായി കൂട്ടിവെച്ച് അവൻറെ ജന്നാത്തുൽ ഫിർദൗസിൽ ഒരു വലിയ നിധി ഭാരങ്ങളായി കൊണ്ട് തിരിച്ചു തരുവാൻ നമുക്ക് അവന്റെ തൗഫീഖ് നല്‍കട്ടെ! ആമീന്‍